Homage to Prof. M N Vijayan
മയിലമ്മ ഒരു ജീവിതം എന്ന പുസ്തകത്തിലൂടെ പ്ലാച്ചിമട സമരനായിക മയിലമ്മയുടെ ആത്മകഥാഖ്യാനം നിര്‍വഹിച്ച കവി ജ്യോതിബായ് പരിയാടത്ത് പ്രഫ. എം. എന്‍. വിജയനെ അനുസ്മരിക്കുന്നു.
വിജയന്‍ മാഷും കടന്നുപോയി. ചിന്തകൊണ്ടും കര്‍മ്മം കൊണ്ടും ശരിയായ ഒരു മാര്‍ക്സിസ്റ്റുകാരനായിത്തന്നെ ജീവിച്ച പ്രഫ. എം. എന്‍. വിജയന്‍ സ്വന്തം മരണത്തിലും അങ്ങേയറ്റത്തെ സുതാര്യതയാണ് നിലനിര്‍ത്തിയത്. വാക്കൊന്ന് പ്രവൃത്തി മറ്റൊന്ന് എന്ന നിലയില്‍ ചിന്തയ്ക്കും വാക്കിനും കര്‍മ്മത്തിനും ഒരു സാമ്യവും ഇല്ലാത്ത ഇന്നത്തെ ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാരില്‍നിന്നും എഴുത്തുകാരില്‍ നിന്നും തികച്ചും വ്യത്യസ്തന്‍. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന ശുദ്ധമായ മാര്‍ക്സിയന്‍ ചിന്താഗതിയുടെ പുനരുജ്ജീവനവും പുനരാവിഷ്കരണവും നടത്തിയ അദ്ദേഹത്തിന്റെ ഏതു കര്‍മ്മത്തിലും വ്യക്തമായ ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. ആ വീക്ഷണകോണിലൂടെ നോക്കുകയാണെങ്കില്‍ ഈ കടന്നു പോക്കു പോലും പ്രതീകാത്മകവും വിപരീതാര്‍ഥദ്യോതകവുമായ രാഷ്ട്രീയപ്രവര്‍ത്തനമായി വ്യാഖ്യാനിക്കാം.
വ്യക്തിബന്ധങ്ങള്‍ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വെറും ലാഭനഷ്ട വ്യായാമങ്ങള്‍ ആയിരുന്നില്ല. ലാളിത്യവും ആത്മാര്‍ഥതയും സുതാര്യതയും ബന്ധങ്ങളില്‍ സൂക്ഷിക്കുന്നതോടൊപ്പം തന്നെ സ്വമനസ്സാക്ഷിക്കും വിശ്വാസങ്ങള്‍ക്കും അപ്പുറം ഒരു കോംപ്രമൈസിനും അദ്ദേഹം തയ്യാറായതുമില്ല. പ്രതിഫലം പോലും വാങ്ങാതെ വര്‍ഷങ്ങളോളം ദേശാഭിമാനിയില്‍ ജോലി ചെയ്തതും തികഞ്ഞ ധൃഷ്ടതയോടെയുള്ള അവിടന്നുള്ള ഇറങ്ങിപ്പോക്കും എല്ലാം അതിനുള്ള ദൃഷ്ടാന്തങ്ങള്‍ തന്നെ. തികച്ചും പക്വമതിയായ ഒരെഴുത്തുകാരന്‍. ലാളിത്യവും നിര്‍മലസ്നേഹവും മാത്രം മനസ്സില്‍ സൂക്ഷിച്ച അദ്ദേഹത്തെ ചിന്താഗതികളില്‍ തിക്കോടിയനോട് ഉപമിക്കാം. ഒരാള്‍ ഗാന്ധിസത്തേയും മേറ്റേയാള്‍ മാര്‍ക്സിസത്തേയുമാണ് ആദര്‍ശമാക്കിയത് എന്നൊരു വ്യത്യാസം മാത്രം. സാഹിത്യരംഗത്ത് ധാര്‍മ്മികതയും സൂക്ഷ്മവിശകലനസ്വഭാവവും വിജയന്മാഷിനെ മറ്റുള്ളവരില്‍നിന്നും വേറിട്ടു നിറുത്തുന്നു.
ആദ്യമായും അവസാനമായും വിജയന്‍മാഷിനെ നേരിട്ടുകാണുന്നതും അറിയുന്നതും പ്ലാച്ചിമടസമരനായിക മയിലമ്മയുടെ ആത്മകഥാഖ്യാനമായ ‘മയിലമ്മ ഒരു ജീവിതം' എന്ന പുസ്തകത്തിന്റെ പ്രകാശനസമയത്താണ്; 2006 ഫെബ്രുവരി 6 ന്. സാമ്രാജ്യത്വത്തിനും അധിനിവേശങ്ങള്‍ക്കും എതിരേ സ്വതസിദ്ധമായ ശാന്തഭാവത്തില്‍ അന്നദ്ദേഹം സംസാരിച്ചു:
“സാഹിത്യത്തെക്കാള്‍എത്രയോ വിലപിടിച്ചതാണ് കുടിവെള്ളം, പണിയെടുക്കുന്നവന്‍ പണക്കാരനെക്കാള്‍ എത്രയോ പ്രയോജനമുള്ളവനാണ്, ഇതു നമ്മള്‍ അറിയണം. ഇങ്ങനെയുള്ള ബോധവൈപരീത്യം ഉണ്ടാവുമ്പോള്‍ രോഗലക്ഷണമായിത്തീരുന്ന സംസ്കാരത്തിന്റെ വേദനകളെക്കുറിച്ച്, പണമുതലാളിത്തതിന്റെ സൃഷ്ടിയായ പരുവായി പൊന്തുന്ന ലോകശരീരത്തിലെ പ്ലാച്ചിമടകളെക്കുറിച്ച് നാം അറിയുന്നു. ഒന്നുമില്ലാത്തവന്‍ എന്തുള്ളവനാണെന്ന് അറിയുന്നു.” അദ്ദേഹം പറഞ്ഞു.
ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ മുള്ളന്‍ചീരകളേപ്പൊലെ വളരുന്ന കുറെ മനുഷ്യരുടെ അതിജീവനപോരാട്ടം എന്ന സാഹസത്തെ മുന്‍നിറുത്തിയുള്ള ആ വാക്കുകളിലെ ആത്മാര്‍ഥത ശരിക്കും തൊട്ടറിയാന്‍ കഴിയുന്നുണ്ടായിരുന്നു.
ഒടുവില്‍, ഇന്നലെ ബര്‍ണാഡ് ഷായെ ഉദ്ധരിച്ചുകൊണ്ട് 'കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണം ' എന്ന അവസാന മൊഴി പറഞ്ഞ് അദ്ദേഹം യാത്രയായി. ശ്രീ എം എന്‍. വിജയന് ആദരാഞ്ജലികള്‍ നേരാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.
Photo Courtesy: Mathrubhumi
RELATED PAGES
» Prof MN Vijayan Collection
3 Comments:
‘അനായാസ മരണം സുകൃതികള്‍ക്ക് ’
ആ മഹാ സത്യവും പ്രൊഫസ്സര്‍ . എം . എന്‍ . വിജയനിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നു.
അത് ഭൌതിക സത്യം!
ലാളിത്യ നൈര്‍മ്മല്യ പുഞ്ചിരി വിരിയുന്ന ആ മനോഹര മുഖത്തേക്കാള്‍ സുന്ദരവും ആഢ്യവുമാണ്‍
അതില്‍ നിന്ന് പുറത്തു വന്ന ചിന്തോദ്ദീപക വചനങ്ങള്‍.. ! അവയാകട്ടെ ‘എനിക്കുമരണമില്ല ’ എന്ന്
നമ്മുടെ ഹൃദയങ്ങളിലിരുന്ന് മന്ത്രിക്കുന്നു!
ഇത് ആത്മീയ സത്യം!
ആ മുഖത്തെ ലാളിത്യവും പ്രസന്നതയും നിര്‍മ്മലതയും ഹാസ്യാത്മക ചിന്തയും ഒത്തൊരുമിക്കുമ്പോള്‍
ഭഗവാന്‍ ശ്രീകൃഷ്ണന്‍ വെറും ഇന്‍ഡ്യന്‍ പൌരന്‍ മാത്രം !
ഇന്‍ഡ്യയിലെ വെയില്‍ കൊണ്ടിട്ടാണത്രെ കൃഷ്ണന്‍ കറുത്തു പോയത് !
ആദ്യമായി കാട് വെട്ടിത്തെളിച്ചു പുനം കൃഷി ചെയ്യുന്നതും ഈ ഭാരത ദൈവം തന്നെയാണ്‍ !
( ‘മഹാഭാരത‘ത്തിലെ ഖാണ്ഡവ വനം ദഹിപ്പിക്കാന്‍ സന്ദര്‍ഭമൊരുക്കുന്നതും അര്‍ജ്ജുനനെ സഹായിക്കുന്നതും സൂചിതം )
ഭാരതിയര്‍ പുരോഗതി കൈവരിക്കുന്നതെങ്ങനെയാണെന്ന് വിജയന്‍സാറ് പറയുന്നതു നോക്കൂ..
“നാം ഭാരതീയര്‍ , ഒരു ചുവട് മുന്നോട്ടു വയ്ക്കുമ്പോള്‍ രണ്ട് ചുവട് പിന്നോട്ടും വയ്ക്കും ! ”
അപ്പോള്‍ പിന്നെ നാം നേടുന്ന പുരോഗതിയുടെ ഗതി ഊഹിക്കാമല്ലൊ.
അതെ , വിജയന്‍ മാസ്റ്ററിന്റെ സാഹിത്യ ചിന്തകള്‍ നമുക്കൊപ്പം ഇവിടെയൊക്കെത്തന്നെയുണ്ടാകും !
സഹൃദയര്‍ക്കും , രാഷ്ട്രീയ-ഉദ്യോഗസ്ഥ - ഭരണകൂട - അഴിമതിക്കാര്‍ക്കും, മുതലാളിത്ത - ചൂഷക - മത- വര്‍ഗ്ഗീയ വിഭാഗക്കാര്‍ക്കും ഒരു പോലെ ‘ പാഠ ’ ങ്ങള്‍ പകര്‍ന്നുകൊണ്ട് .... !
ആ മഹാനുഭാവന്റെ സ്മരണയ്ക്കായ്
ആദരാഞ്ജലിയര്‍പ്പിക്കുന്നു...
വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശ്ശൂരില്‍ പു.ക.സ യൂടെ ഒരു ചര്‍ച്ചയിലാണ് ആദ്യമായി വിജയന്‍ മാഷിനെ ശ്റവിക്കുന്നത്. പിന്നൊരിക്കല്‍ കോഴിക്കോടുവെച്ചും.
ശാന്തഗംഭീരമായ സ്വരത്തില്‍...സാവകാശമുള്ള പ്രസംഗം..
കേരളം എന്നും കാതോര്‍ത്തിരുന്നിട്ടുള്ള ശബ്ദം...
കൂടെയൂള്ളവരൊക്കെ നിയോ-ലിബറല്‍ കുപ്പയം തുന്നി അതില്‍ കയറിക്കൂടിയപ്പോള്‍ മാഷിനതു പറ്റിയില്ല..
അതുകൊണ്ടുതന്നെയാകാം ഒരിക്കല്‍ കൂടെ നിന്നവരായി അവസാനം അദേഹത്തിന്റെ ഏറ്റവും വലിയ ശത്രുക്കളായതും!
മാഷിനെപറ്റി എഴുതിയതു നന്നായി..
സാധാരണമായ ഒരു സംഗതിയെ അസാധാരണമായി കാണുന്നതിനുള്ള ശേഷിയാണു പ്രതിഭയെങ്കില്‍ എം. എന്‍. വിജയന്‍ മാഷിനെ പ്രതിഭ എന്നുതന്നെ വിളിക്കണം. അറിയുന്നതിനെ അപൂര്‍വമായ ഭാഷയില്‍ ആവിഷ്ക്കരിക്കുന്നതാണു കവിതയെങ്കില്‍ വിജയന്‍ മാഷിനെ കവി എന്നു വിളിക്കണം. അദ്ദേഹത്തിന്റെ ആശയങ്ങളോടു വിയോജിപ്പുള്ളവര്‍ക്കു പോലും ആ പ്രതിഭയെ അവഗണിക്കാനാവില്ല. നിര്‍ജീവമായ വിഷയങ്ങള്‍ക്കും വാക്കിന്റെ ജീവന്‍ കൊടുത്ത് കവിതയാക്കിയ എം. എന്‍. വിജയന്‍ മാഷിന് ആദരാഞ്ജലികള്‍ .
Post a Comment
Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha
>> CHANNEL HOME >> INDULEKHA HOME