SPiCE most viewed videos in indulekha
 

Tribute to Bharath Gopi

Bharath Gopi in the movie nasrani
» More BHARATH GOPI @ EDITOR'S CHOICE
» Bharath Gopi @ movieraga.com

- ജി കൃഷ്‌ണമൂര്‍ത്തി
മലയാളത്തില്‍ ഭരത് അവാര്‍ഡ് നേടിയ രണ്ടേ രണ്ടു പേരേയുള്ളെന്ന് ഭരത് ഗോപി തന്നെ പറഞ്ഞതായി മുന്‍പ് എവിടെയോ വായിച്ചതോര്‍ക്കുന്നു: 1973-ല്‍ പി ജെ ആന്റണിയും 1977-ല്‍ ഗോപിയും. പിന്നീട്, 1980-ല്‍ ബാലന്‍ കെ നായര്‍ മുതല്‍ 2001-ല്‍ മുരളി വരെ പലരും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയെങ്കിലും അവരാരും ‘ഭരത് ’ എന്ന ബഹുമതിക്ക് അര്‍ഹരായില്ല. കാരണം, 1978 മുതല്‍ ഭരത് എന്ന പ്രത്യേക പേര് ഉപേക്ഷിക്കപ്പെട്ടു; മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മാത്രമായി അതു മാറി.

(ഭരത് സമ്മാനിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയെങ്കിലും നമ്മുടെ പത്രക്കാര്‍ ആ പരിപാടി തുടര്‍ന്നു; പത്രക്കാര്‍ വിട്ടു പോയപ്പോള്‍ തെല്ലു പരിഭവത്തോടെ ചില അവാര്‍ഡ് ജേതാക്കള്‍ സ്വയം അണിയിക്കുകയും ചെയ്തു ഈ ബഹുമതി!! അങ്ങനെ, പിന്നാലെ വന്നവര്‍ ഭരത് മമ്മൂട്ടിയും ഭരത് മോഹന്‍ലാലും ഭരത് മുരളിയുമൊക്കെയായി. എങ്കിലും, ഗോപിയുടെയല്ലാതെ മറ്റാരുടെ പേരിനൊപ്പവും ഭരത് എന്ന ബഹുമതി ഇത്ര നന്നായി വിളക്കി ചേര്‍ക്കപ്പെട്ടിരുന്നില്ല എന്നതു കൌതുകകരമാണ്. അതു ഗോപിയുടെ പേരു തന്നെയായി; അപൂര്‍വമായ ഭാഗ്യം. ഗോപിക്കു മുന്‍പേ ഈ പട്ടം നേടിയ പി ജെ ആന്റണിയോ മിഥുന്‍ ചക്രവര്‍ത്തിയോ എം ജി ആറോ ഒന്നും ഭരത് ആയി അത്ര കണ്ട് അറിയപ്പെട്ടില്ല.)

ഈ കണക്കു നോക്കുമ്പോള്‍, മലയാളത്തിന്റെ ഭരത് സമ്പത്താണ് ഗോപിയുടെ വിയോഗത്തോടെ ചരിത്രമായിരിക്കുന്നത്. ഗോപിയെ സമ്മാനിതനാക്കിയത് അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റമാണ്. അടൂരിന്റെ ആദ്യചിത്രമായ സ്വയംവരത്തില്‍ ഒന്നു മിന്നിമറഞ്ഞതു മാറ്റി നിര്‍ത്താമെങ്കില്‍ ഗോപിയുടെ ആദ്യചിത്രം കൊടിയേറ്റമാണ്. ഭരത് ഗോപി എന്ന പേരു ഉറച്ചതിനു ശേഷവും ചിലപ്പോള്‍ അദ്ദേഹം കൊടിയേറ്റം ഗോപി എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഓര്‍ക്കുക.

നാടകത്തില്‍ നിന്ന്, അടൂരിന്റെയും കുളത്തൂര്‍ ഭാസ്കരന്‍ നായരുടെയും ചിത്രലേഖ വഴി സിനിമയിലെത്തിയ ഗോപി അവിടെ പച്ച പിടിക്കാന്‍ ഏറെക്കാലമൊന്നും വേണ്ടി വന്നില്ല. യവനിക, പഞ്ചവടിപ്പാലം, കാറ്റത്തെ കിളിക്കൂട്, ഓര്‍മയ്ക്കായ്, ആദാമിന്റെ വാരിയെല്ല്, എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്, രേവതിക്കൊരു പാവക്കുട്ടി, പാളങ്ങള്‍, കരിമ്പിന്‍പൂവിനക്കരെ... ഇങ്ങനെ എത്ര വേണമെങ്കിലും നമുക്ക് ഓര്‍ത്തോര്‍ത്ത് എഴുതാവുന്നതേയുള്ളു.

എങ്കിലും, യവനികയിലെ തബലിസ്റ്റ് അയ്യപ്പനായാണ് ഗോപി എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്; പിന്നെ, പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസനക്കുറുപ്പായും. രണ്ടും കെ ജി ജോര്‍ജിന്റെ ചിത്രങ്ങള്‍! തബലിസ്റ്റ് അയ്യപ്പനായ ഗോപിയേക്കുറിച്ച് കെ ജി ജോര്‍ജ് എഴുതിയിട്ടുണ്ട്; യവനികയുടെ തിരക്കഥ പുസ്തകമായപ്പോള്‍.

“ദേശീയ അവാര്‍ഡ് നേടി പ്രശസ്തനായിരുന്നെങ്കിലും അതിന്റെ ഔദ്ധത്യമൊന്നും കാണിക്കാതെയാണ് ഗോപി യവനികയുടെ ഷൂട്ടിങ്ങില്‍ പങ്കെടുത്തത്. അതിനു മുന്‍പും കുറേ നല്ല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഇന്‍‌വോള്‍‌വ്മെന്റോടെ അദ്ദേഹം മറ്റൊരു സിനിമയിലും അഭിനയിച്ചിട്ടില്ല. യവനിക കഴിഞ്ഞതിനു ശേഷം ഭീതിയോടെയാണ് ഗോപിയെ ജനങ്ങള്‍ കണ്ടത്. വളരെക്കാലത്തോളം തബലിസ്റ്റ് അയ്യപ്പന്റെ ലേബല്‍ അദ്ദേഹത്തിനു മേല്‍ പതിഞ്ഞു കിടന്നിരുന്നു.”

ഇത്രയ്ക്കൊന്നും പ്രസക്തമല്ലെങ്കിലും ജോര്‍ജ് എഴുതിയ മറ്റൊരു കാര്യം കൂടി ഇവിടെ പകര്‍ത്താന്‍ തോന്നുന്നു: “നടീനടന്‍‌മാരുടെ കൂട്ടത്തില്‍ അന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം കൊടുത്തത് നെടുമുടി വേണുവിനാണ്. ഇരുപത്തി അയ്യായിരം രൂപയായിരുന്നു വേണുവിന്റെ റെമ്യുണറേഷന്‍. മമ്മൂട്ടിയടക്കം ബാക്കിയുള്ളവര്‍ക്കെല്ലാം പതിനായിരമോ അതിനടുത്തോ ഒക്കെയാണ് കൊടുത്തത്.”

സുന്ദരന്മാരെ - സുന്ദരികളേയും - വാഴിക്കാന്‍ വഴിക്കണ്ണുമായി കാത്തിരിക്കുന്ന മലയാളസിനിമയില്‍ കഷണ്ടിത്തലയും വച്ച് ഗോപി ശരിക്കും കസറി; വില്ലനായും നായകനായും. മര്‍മരത്തിലെ നക്സലൈറ്റ് ഗോപി, പാളങ്ങളിലെ വാസു, സന്ധ്യ മയങ്ങും നേരത്തിലെ ജസ്റ്റിസ് ഗംഗാധര മേനോന്‍, കള്ളന്‍ പവിത്രനിലെ മാമച്ചന്‍, കാറ്റത്തെ കിളിക്കൂടിലെ ഷേക്സ്‌പിയര്‍ കൃഷ്ണപിള്ള, പെരുവഴിയമ്പലത്തിലെ ചായക്കടക്കാരന്‍ വിശ്വംഭരന്‍...
പിന്നീട്, സംവിധായകനായും (ഉത്സവപ്പിറ്റേന്ന്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ) നിര്‍മാതാവായും (പാഥേയം) സഹനടനായുമൊക്കെ അദ്ദേഹം ഇവിടെത്തന്നെയുണ്ടായിരുന്നു; ഇടയ്ക്ക് കുഴപ്പമുണ്ടാക്കാന്‍ വന്ന പക്ഷാഘാതത്തെ പോലും വക വയ്ക്കാതെ. ഇപ്പോഴിതാ യാത്ര പറഞ്ഞു പിരിഞ്ഞിരിക്കുന്നതും ഒരു സിനിമയുടെ സെറ്റില്‍ നിന്നു തന്നെ; അതും ഒരു അപൂര്‍വ ഭാഗ്യം.

എങ്കിലും, 71 വയസ് മരിക്കേണ്ട പ്രായമാണോ എന്ന് തോന്നിപ്പോകുന്നു. ഈ കുറിപ്പെഴുതാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ മനസ്സില്‍ മുന്നിട്ടു നില്‍ക്കുന്നതും ഈ ചോദ്യം തന്നെ. ഉത്തരം അല്ല എന്നു തന്നെയാണ്; പ്രതിഭാശാലിയായ ഒരു കലാകാരന്റെ കാര്യത്തിലാകുമ്പോള്‍ പ്രത്യേകിച്ചും!

RELATED PAGES
» Bharath Gopi Collection
» Beyond The Screen

1 Comments:

Anonymous Anonymous said...

ഒരു സിനിമ കൂടി ഗോപി സംവിധാനം ചെയ്തിട്ടുണ്ട് എന്നാണ് എന്റെ അറിവ്: ഞാറ്റടി; 1979-ല്‍. ഈ സിനിമ റിലീസായോ എന്നറിയില്ല. ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ ഇവിടെ പങ്കു വച്ചാല്‍ നന്നായിരുന്നു.

11:36 PM  

Post a Comment

Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger