SPiCE most viewed videos in indulekha
 

TRIBUTE: Pala Narayanan Nair

Photo Courtesy: Mathrubhumi
malayalam poet pala narayanan nairഒരു മഹാകവി കൂടി യാത്രയായി; പാലാ നാരായണന്‍ നായര്‍. ശിശിരത്തിലെ അവസാന ഇല! - ഒ. എന്‍. വി. എഴുതിയതു പോലെ. മഹാകവി ഭാഗ്യവനാണ്. ജനനം രണ്ടു മഹാകവികള്‍ പിറന്ന വര്‍ഷത്തില്‍; 1911-ല്‍. ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമാണ് ആ മഹാകവികള്‍. കാവ്യരംഗത്തു കാലൂന്നിയതും അവര്‍ക്കൊപ്പം. രണ്ടു പേര്‍ മലയാള കവിതയിലെ കൊടുമുടികളായി. അവര്‍ക്കൊപ്പം തലപ്പൊക്കമില്ലാതിരുന്ന പാലാ, താഴെ പുഴ പോലെ ഒഴുകി.

കൊടുങ്കാറ്റു പോലെ മലയാളത്തെ പിടിച്ചു കുലുക്കിയില്ല പാലയുടെ കവിത. വസന്തം പോലെ വര്‍ണ്ണക്കുട നിവര്‍ത്തിയുമില്ല. അതാരെയും ആയുധമണിയിച്ചില്ല. വിഷാദത്തിന്റെ ഇരുട്ടിലേക്കു തള്ളിയിട്ടില്ല. നക്ഷത്രങ്ങള്‍ കാട്ടിക്കൊടുത്തുമില്ല. അതങ്ങനെ ഒഴുകി; പുഴ പോലെ!
മറ്റു കവികള്‍ തിമിര്‍ത്തു പെയ്‌തപ്പോഴും വറ്റി വരണ്ടപ്പോഴും, രാവെന്നൊ പകലെന്നൊ ഭേദമില്ല്ലാതെ, ഋതുഭേദങ്ങള്‍ പുടവ മാറ്റുന്നതറിയാതെ, കവികള്‍ വരുന്നതോ പോകുന്നതോ കണക്കാക്കാതെ പാലാക്കവിതകള്‍ ഒഴുകി... പത്തെഴുപതു വര്‍ഷം.

കരുത്തിന്റെ കാര്യത്തില്‍ ആ കവിതകള്‍ പിന്നിലായിരുന്നെങ്കിലും ഒഴുക്കില്‍ മുന്നിലായിരുന്നു. എണ്ണത്തിന്റെ കാര്യത്തില്‍ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും മാത്രമല്ല, മറ്റ് മഹാരഥന്മാരായ കവികളെല്ലാം തന്നെ പാലായ്ക്കു പിന്നിലാണ്. മലയാളത്തില്‍ ഇത്രയധികം കവിതകളെഴുതിയ മറ്റൊരു കവിയില്ല. അവസാനകാലം വരെ അദ്ദേഹം എഴുതുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ പോലും പാലാ നാരായണന്‍ നായര്‍ കവിതയെഴുതി ഏതോ മാസികയ്ക്ക് അയച്ചു എന്നാണ് പത്രങ്ങളില്‍ കണ്ടത്.

കേരളം വളരുന്നു (എട്ടു ഭാഗങ്ങള്‍), പടക്കളം, ശ്രാവണഗീതം, ഗാന്ധിഭാരതം, മേഘസഞ്ചാരം എന്നിങ്ങനെ അന്‍പതോളം കാവ്യസമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. എഴുത്തച്ഛന്‍ പുരസ്കാരമുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍, 2007 - ല്‍ സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം..
എല്ലാം ഉപേക്ഷിച്ചു കവി മടങ്ങുകയാണ്. അദ്ദേഹത്തിന് വിട...

3 Comments:

Anonymous Anonymous said...

kaviyute ormaykku munnil dukhapushpangal!

10:00 AM  
Blogger Unknown said...

mahakaviku,ente guruvinu adaranjalikal.

5:56 PM  
Anonymous Anonymous said...

great poet pala left, beyond sahya
mountains and... snehangalikal
alavikutty perumpally -- jeddah

6:50 AM  

Post a Comment

Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger