SPiCE most viewed videos in indulekha
 

Katamanitta Thottam

 katammanitta ramakrishnanKadammanitta Ramakrishnan (M. R. Ramakrishna Panikkar), popularly known as Kadammanitta was born on March 22, 1935 in Kadammanitta province of the present Pathanamthitta district, Kerala.
കടമ്മനിട്ടത്തോറ്റം
- ഡി സന്തോഷ്

കടമ്മനിട്ടേ, കടമ്മനിട്ടേ, മടങ്ങിയെത്തീടൂ
കവിതയില്‍ വീണ്ടും ചുഴലിക്കാറ്റുകളലറി വിളിക്കട്ടേ
വാക്കുകള്‍ വീണ്ടും ചാട്ടുളിയായിക്കരളു പിളര്‍ക്കട്ടേ
നെഞ്ചു കലങ്ങിയ ചിന്തയില്‍ നിന്നും തീമഴ ചിതറട്ടേ
കറുകപ്പുല്ലിന്‍ തുമ്പത്തമ്പിളി കളം വരയ്‌ക്കട്ടേ
കളമെഴുതട്ടേ കാവുകള്‍, രാവിന്‍ കാര്‍മുടി ചിതറട്ടേ!

(2)
കുരലൂരിയെടുക്കൂ വീണ്ടും,
കുഴലൂതി വിളിക്കൂ വീണ്ടും
മത്താടി മയങ്ങിയ ഞങ്ങളില്‍
ചുരമാന്തിയെഴുന്ന കരുത്തിന്‍
നട്ടെല്ലു നിവര്‍ന്നുയരാനായ്
നെഞ്ചത്തൊരു പന്തം കുത്തൂ!
മുളപാതി നിറച്ച പഴഞ്ചാ-
റൊരു മോന്തിനു ലഹരിപിടിച്ചാ
മാഞ്ചോട്ടില്‍ താളം കൊട്ടാന്‍
കൊതിയോടെ ഞങ്ങളിരിപ്പൂ!

(3)
കോരന്‍ കുത്തിയ കഞ്ഞിക്കുമ്പിളി-
നുള്ളില്‍ നിന്നു കരഞ്ഞുവളര്‍ന്നോര്‍
മറുതുണിയില്ലാതുഴലുന്നവരുടെ
യുടുതുണിയൊരുകൊടിയാക്കിയുയര്‍ന്നോര്‍
സഹജീവികളുടെ ചോര കടഞ്ഞി-
ട്ടമൃതമെടുത്തു ഭുജിച്ചു തെഴുത്തോര്‍!
അവര്‍ വിജയം കൊയ്, താടിപ്പാടി
ആഹ്ലാദത്തിന്‍ കാവടിയേന്തി
മണ്ണു ചവിട്ടി മെതിപ്പതു കാണ്‍കെ
വിണ്ണോളം വളരുന്നതു കാണ്‍കെ
തോറ്റവര്‍ ഞങ്ങള്‍ വിളിപ്പതു കേള്‍ക്കൂ:
“കടമ്മനിട്ടേ, കടമ്മനിട്ടേ, മടങ്ങിയെത്തീടൂ
കവിതയില്‍ വീണ്ടും ഈറ്റപ്പുലികള്‍ നോറ്റു കിടക്കട്ടെ!”

കൊയ്‌ത്തു കഴിഞ്ഞു
നമ്മള്‍ വിതച്ചതുമല്ലാത്തതുമാം
വയലുകളെല്ലാം കൊയ്‌തു മെതിച്ചു,
കുത്തിച്ചാരിയ കറ്റയ്‌ക്കിടയില്‍
കൊയ്‌ത്തരിവാള് മറന്നുകളഞ്ഞു
അരിവാളെന്തിന്, നെല്‍കതിരെന്തിന്
നക്ഷത്രങ്ങള്‍ വഴി കാട്ടുമ്പോള്‍?
അധികാരം, അവരാദ്യം കൊയ്‌തു
എന്തിനു പിന്നീ പൊന്നാര്യന്‍!

വിത്തു വിതച്ചവര്‍ കളയായ് മാറി
ഉഴുതുമറിച്ചവര്‍ വളമായ് മാറി
കറ്റചുമന്നവര്‍ വൈക്കോലായി
പാടവരമ്പില്‍ ചെളിപുരളാതെ

കൊടിയുടെ തണലില്‍ നിന്നവര്‍ മാത്രം
കതിരുകള്‍ കൊത്തിയെടുത്തു പറന്നു
വിത്തും കൈക്കോട്ടും കണി കാണാ-
നെത്തിയ പുതിയ വിഷുക്കിളി പാടി:
‘നമ്മള്‍ വിതച്ചൂ, നിങ്ങള്‍ കൊയ്‌തൂ
ഞങ്ങള്‍ പതിരായ്, നിങ്ങള്‍ കതിരായ്’

(4)
നാവുയരരുത്, കൊടിയുയരരുത്
സ്വന്തം ഭാഷ പറഞ്ഞീടരുത്
കൈക്കോര്‍ക്കരുത്, കൈ പൊക്കരുത്
വിരല്‍ ചൂണ്ടരുത്, വഴി വെട്ടരുത്
അരുത്, അരുത്, അരുതരുതരുത്
അരുതുകള്‍ വാഴും കാലം, അനീതികള്‍
നീതി വിധിക്കും കാലം
ചോര തുടയ്‌ക്കും ചെറു കൈകളിലെ
ചങ്ങല ചൊല്ലുവതെന്താണെന്നോ?
‘കടമ്മനിട്ട വരുംവരുമെന്ന്’

(5)
വരുവാന്‍ വയ്യെന്നാകിലൊരിക്കല്‍
അങ്ങു കൊളുത്തിയ പന്തം നല്‍കൂ
ആളിപ്പടരാന്‍ ഞങ്ങളിരിപ്പൂ
ചാരംമൂടിയ ചെറുജന്മങ്ങള്‍!
കണ്ണുകള്‍ പൊട്ടിയ കാലത്തിന്നുള്‍-
ക്കണ്ണുകള്‍ ഞങ്ങള്‍ തുറപ്പിക്കാം
ഉറവയടഞ്ഞൊരു ലോകത്തിന്നുള്‍-
ക്കിണറുകള്‍ കോരി വെടിപ്പാക്കാം!

RELATED PAGES
» Katammanitta Ramakrishnan
» Nallavarude Natappatha by D Santhosh

0 Comments:

Post a Comment

Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger