SPiCE most viewed videos in indulekha
 

Tribute to Katammanitta Ramakrishnan

 katammanitta ramakrishnan
കടമ്മനിട്ട: അശബ്ദമേഖലകളിലെ ഇടിമുഴക്കം
- ശ്രീജ ബാലരാജ്

മലഞ്ചൂരല്‍ മടയില്‍ നിന്നും വിളഞ്ഞ ചൂരപ്പനമ്പുപോലെ, കരീലാഞ്ചിക്കാട്ടില്‍‌നിന്നും കരീലാഞ്ചി വള്ളിപോലെ, ചേറ്റുപാടക്കരയിലീറപ്പൊളിയില്‍ നിന്നും ഈറ ചീന്തിയെറിഞ്ഞ കരിപോലെ എത്തിയ കുറത്തി, സമൂഹത്തിന്റെ തിന്മകള്‍ക്കെതിരെ ശക്തവും വന്യവുമായ ഭാഷയില്‍ ചോദ്യങ്ങളെറിയുന്നു.. അടിയാളരുടെ ആ ചോദ്യങ്ങളോരോന്നും പരുക്കന്‍ ശബ്ദത്തില്‍, ഉടുക്കിന്റെ അകമ്പടിയോടെ കവിയരങ്ങുകളില്‍, നാട്ടുകൂട്ടങ്ങളില്‍, നാല്‍‌ക്കവലകളില്‍ മുഖരിതമാവുന്നു. എഴുപതുകളിലേയും എണ്‍പതുകളിലേയും കവിയരങ്ങിന്റെ ഈ കാഴ്ചകളിലെ കവിതകളുടെ കര്‍ത്താവും പ്രയോക്താവുമായ കവിയ്ക്ക് മലയാളം അന്ത്യപ്രണാമം അര്‍പ്പിയ്ക്കുന്നു.

പടയണിപ്പാട്ടിന്റെ തുടി താളങ്ങള്‍ക്കൊപ്പം ആധുനിക മലയാളകവിതാചരിത്രത്തില്‍ ഉജ്ജ്വലമായ ഒരേട് പകര്‍ത്തിവച്ച കവി ശ്രീ കടമ്മനിട്ട രാമകൃഷ്ണന്‍ ഇന്നലെ നമ്മളോട് വിടപറഞ്ഞു. പരുക്കന്‍ വാക്കുകളും രൗദ്രഭാവവുമുള്ള കവിതകളെ ഉറക്കെയുറക്കെ ചൊല്ലി ഒരിക്കലും മായാത്തവിധം പ്രസ്തുത അടയാളങ്ങളുടെ ശേഷിപ്പുകള്‍ മനുഷ്യമനസ്സിലേക്ക് എറിഞ്ഞിട്ട്, 'നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്' എന്ന് നമ്മളോട് ചോദിച്ച കവി ഇനിയില്ല. അതൊരു വേദനിപ്പിക്കുന്ന സത്യം.

Kadammanitta Ramakrishnan (M. R. Ramakrishna Panikkar), popularly known as Kadammanitta was born on March 22, 1935 in Kadammanitta province of the present Pathanamthitta district, Kerala.തന്റെ കവിത കേള്‍ക്കുന്നവരെ ആസ്വാദനത്തിന്റെ മാസ്മരികമായൊരു തലത്തിലേക്കുയര്‍ത്തി തനിക്കൊപ്പം കൊണ്ടുപോകാനുള്ള സവിശേഷമായൊരു കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ ആധുനികസാഹിത്യത്തിന്‌ ഒരിക്കലും മങ്ങാത്ത വെളിച്ചം പകരുമെന്നതില്‍ സംശയമില്ല. അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചൂഷണത്തിനു വിധേയമായവരുടെയും ഉറച്ചശബ്ദം കടമ്മനിട്ടക്കവിതകളില്‍ ഉയര്‍ന്നുകേള്‍ക്കാം. പൊള്ളുന്ന ജീവിതാനുഭവങ്ങളെ വാക്കുകള്‍കൊണ്ട് തീനാമ്പുകളാക്കി ഉയര്‍ത്തുന്നതില്‍ കടമ്മനിട്ടയ്ക്ക് ദ്രാവിഡസംസ്കൃതിയുടെ ശക്തമായ പിന്തുണ പടയണിപ്പാട്ടുകളുടെ രൂപത്തില്‍ തുണയായി. കടമ്മനിട്ട ദേശത്തിന്റെ സ്വന്തം കവിയായി മാറിയ അദ്ദേഹം എഴുപതുകളിലും എണ്‍പതുകളിലും നിരവധി കവിയരങ്ങുകളിലൂടെ കേരളത്തിലങ്ങോളമിങ്ങോളം കവിതയ്ക്ക് ജനകീയമായ ഒരു ആസ്വാദനതലം സൃഷ്ടിച്ചുകൊടുക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചു. നാടന്‍ ശീലുകളുടെയും ബിംബങ്ങളുടേയും ശക്തമായ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന അദ്ദേഹത്തിന്റെ കവിതകള്‍ യാതനാപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ഏവര്‍ക്കും വേണ്ടിയുള്ളതായി.
മണ്ണിന്റെ തനതായ ഗന്ധമുള്ള ഈരടികള്‍ , ഉടുക്കിന്റെ താളത്തില്‍ ജനങ്ങളുടെ മനസ്സിലേയ്ക്ക് ആഴത്തില്‍‍ പതിയും‌വിധമാണ്‌ അദ്ദേഹം ചൊല്ലിയിരുന്നത്. കുറത്തി, ചാക്കാല, കാട്ടാളന്‍, കോഴി, ഞാന്‍, ദേവീസ്തവം എന്നിവ ഇവയില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.

ഇടിമുഴക്കത്തിന്റെ ശബ്ദത്തില്‍ കവിതയ്ക്ക് ചൊല്‍ക്കാഴ്ച കൊടുത്ത കവി, ഒരിയ്ക്കലും അവകാശങ്ങള്‍ക്കുവേണ്ടി ശബ്മുയര്‍ത്താന്‍ കഴിയാതിരുന്ന ജനതയുടെ ജിഹ്വയായി. ചൊല്‍‌ക്കാഴ്ചയില്‍ കവിയുടെ കവിതയ്ക്കൊപ്പം നാടകത്തിലെ കലാകാരന്മാരുടെ രംഗാവതരണവും ഉണ്ടായിരുന്നു. ഈ കൂട്ടായ്മയില്‍ ആദ്യകാലത്ത് കടമ്മനിട്ടയ്ക്കൊപ്പം ഉണ്ടായിരുന്ന പ്രമുഖരില്‍ കാവാലം നാരായണപ്പണിക്കര്‍, അയ്യപ്പപ്പണിക്കര്‍, നരേന്ദ്രപ്രസാദ്, നടന്‍ മുരളി, എം ആര്‍ ഗോപകുമാര്‍ , നെടുമുടി വേണു, ഭരത് ഗോപി എന്നിവരും ഉള്‍‌പ്പെടുന്നു.

പത്തനംതിട്ടയിലെ കടമ്മനിട്ട ഗ്രാമത്തില്‍ മേലേത്രയില്‍ രാമന്‍‌കുട്ടിനായരുടെയും കുട്ടിയമ്മയുടേയും മകനായി 1935 മാര്‍ച്ച് 22 നു ജനിച്ച കടമ്മനിട്ട കോളേജ് വിദ്യാഭ്യാസത്തിനുശേഷം തൊഴില്‍തേടി കൊല്‍ക്കത്തയിലെത്തി. അവിടെ നിന്നും പോസ്റ്റല്‍ ഡിപാര്‍ട്മെന്റില്‍ ഉദ്യോഗസ്ഥനായി മദ്രാസിലെത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ കവിതയിലുള്ള താത്പര്യം പൂര്‍ണ്ണഭാവം കൈക്കൊള്ളുന്നത് മദ്രാസില്‍ വച്ചായിരുന്നു. പിന്നീട് കേരളത്തിലേയ്ക്ക് സ്ഥലം‌മാറ്റം. 1992-ല്‍ സര്‍‌വീസില്‍ നിന്നും വിരമിച്ച അദ്ദേഹത്തിന്‌ ആശാന്‍ പ്രൈസ്, കേരളവര്‍മ്മ സാഹിത്യ പുരസ്കാരം, ഒമാന്‍ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊക്കെ മീതെയാണ്‌ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ അദ്ദേഹത്തിനു നല്‍കിയ സ്നേഹവും അംഗീകാരവും. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, കടിഞ്ഞൂല്‍‌പൊട്ടന്‍, മിശ്രതാളം, കടമ്മനിട്ടയുടെ കവിതകള്‍ എന്നീ കവിതാ സമാഹാരങ്ങള്‍ക്കൊപ്പം സൂര്യശില(ഒക്‌ടേവിയാ പാസ്), ഗോദോയെക്കാത്ത് (സാമുവല്‍‌‍ ബക്കെറ്റ്) എന്നീ വിവര്‍‌‍ത്തന കൃതികളും അദ്ദേഹത്തിന്റേതാണ്‌.

ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം നിയമസഭയില്‍ അംഗമായിരുന്നിട്ടുണ്ട്. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ശക്തനായ സാരഥിയായിരുന്നു.

RELATED PAGES
» Katammanitta Ramakrishnan
» Kannadichillukal by Sreeja Balaraj

1 Comments:

Anonymous Anonymous said...

കാച്ചിക്കൊട്ടിയ തപ്പിന്റെ താളത്തില്‍ ചടുലനൃത്തമാടുന്ന കോലങ്ങളെപ്പോലെ പെരുമ്പറ കൊട്ടിയ കടമ്മനിട്ടയുടെ കവിതകള്‍ സമൂഹത്തിന്റെ ചിന്താമണ്ഡലത്തിലേക്ക്‌ അനേകമനേകം ചോദ്യങ്ങളെറിഞ്ഞു.
ചടുലത നിറഞ്ഞ ആലാപന ശൈലിയും കവിതകള്‍ സൃഷ്ടിച്ച പരിമുറുക്കവും കൃത്രിമത്വം കലരാത്ത എഴുത്തും കടമ്മനിട്ടയെ മലയാളിയുടെ പ്രിയങ്കരനാക്കി. എഴുപതുകളില്‍ അദ്ദേഹം തുടങ്ങിവെച്ച ചൊല്‍ക്കാഴ്ചകളിലൂടെ കേരളീയ സമൂഹവും കാമ്പസുകളും കടമ്മനിട്ട കവിതകള്‍ മനസ്സിലേറ്റുവാങ്ങി...

"നിങ്ങള്‍ ഞങ്ങളുടെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ
നിങ്ങളവരുടെ ചുവന്ന കണ്ണുകള്‍ ചൂഴ്ന്നെടുത്തില്ലേ
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്....."

പ്രിയ കവി കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍..!

9:56 PM  

Post a Comment

Anonymous comments are not accepted at interface. Please sign in with your Google Account or any OpenID .
- team indulekha

>> CHANNEL HOME >> INDULEKHA HOME

© 2008 indulekha media network | powered by blogger